ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയത്തിന്നു വേണ്ടി ചെയ്ത പണിയൊക്കെയും തീർന്നു; പിന്നെ ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വസ്തുക്കളായ വെള്ളിയും പൊന്നും ഉപകരണങ്ങൾ ഒക്കെയും കൊണ്ടുവന്നു ദൈവാലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ വെച്ചു.
ശലോമോൻ രാജാവും അവന്റെ അടുക്കൽ കൂടിവന്നിരുന്ന യിസ്രായേൽസഭയൊക്കെയും എണ്ണുവാനും കണക്കെടുപ്പാനും കഴിയാതവണ്ണം വളരെ ആടുകളെയും കാളകളെയും പെട്ടകത്തിന്നു മുമ്പിൽ യാഗം കഴിച്ചു.
തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമ്മന്ദിരത്തിന്നു മുമ്പിൽ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ടു.
യിസ്രായേൽ മക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവെച്ചു പെട്ടകത്തിൽ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ അതിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല.
കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെ: അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു എന്നു ഏകസ്വരമായി കേൾക്കുമാറു യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവർ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോൾ യഹോവയുടെ ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു.