അവൻ എല്ലായിസ്രായേലിന്നും ഉപാദ്ധ്യായന്മാരും യഹോവെക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞതു: യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വെപ്പിൻ; ഇനി അതു നിങ്ങളുടെ തോളുകൾക്കു ഭാരമായിരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊൾവിൻ.
ഇങ്ങനെ നിങ്ങൾ പെസഹ അറുത്തു നിങ്ങളെത്തന്നേ വിശുദ്ധീകരിക്കയും മോശെമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാർ അനുസരിക്കേണ്ടതിന്നു അവരെ ഒരുക്കുകയും ചെയ്‍വിൻ.
യോശീയാവു അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും വേണ്ടി പെസഹ യാഗങ്ങൾക്കായിട്ടു രാജാവിന്റെ വക ആട്ടിൻ കൂട്ടത്തിൽനിന്നു ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിൻ കുട്ടിയെയും മൂവായിരം കാളയെയും ജനത്തിന്നു കൊടുത്തു.
പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ യഹോവെക്കു അർപ്പിക്കേണ്ടതിന്നു അവർ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാൻ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെ തന്നേ കാളകളെയും നീക്കിവെച്ചു.
പിന്നെ അവർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അദ്ധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യർ തങ്ങൾക്കും അഹരോന്യരായ പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി.
ആസാഹ്യരായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെയും ദർശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതിൽകാവൽക്കാർ അതതു വാതിൽക്കലും നിന്നു; അവർക്കു തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാൻ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കു ഒരുക്കിക്കൊടുത്തു.
ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിപ്പാനും വേണ്ടിയുള്ള യഹോവയുടെ സകലശുശ്രൂഷയും അന്നു ക്രമത്തിലായി.
ശമൂവേൽപ്രവാചകന്റെ കാലംമുതൽ യിസ്രായേലിൽ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലായെഹൂദയും യിസ്രായേലും യെരൂശലേംനിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേൽരാജാക്കന്മാരാരും ആചരിച്ചിട്ടില്ല.
യോശീയാവു ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ ഈ കാര്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോഫ്രാത്തിന്നു സമീപത്തുള്ള കക്കെമീശ് ആക്രമിപ്പാൻ പോകുമ്പോൾ യോശീയാവു അവന്റെ നേരെ പുറപ്പെട്ടു.
എന്നാൽ അവൻ അവന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: യെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മിൽ എന്തു? ഞാൻ ഇന്നു നിന്റെ നേരെ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നതു; ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവനോടു ഇടപെടരുതു എന്നു പറയിച്ചു.
എങ്കിലും യോശീയാവു വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിന്നു വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേൾക്കാതെ അവൻ മെഗിദ്ദോതാഴ്വരയിൽ യുദ്ധം ചെയ്‍വാൻ ചെന്നു.
അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.
യിരെമ്യാവും യോശീയാവെക്കുറിച്ചു വിലപിച്ചു; സകലസംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലിൽ അതു ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ.
യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സൽപ്രവൃത്തികളും ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.