അബീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി. അവന്റെ കാലത്തു ദേശത്തിന്നു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി.
യഹോവ അവന്നു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിന്നു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവന്നു യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളെ പണിതു.
അവൻ യെഹൂദ്യരോടു: നാം ഈ പട്ടണങ്ങളെ പണിതു അവെക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവൻ ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ വെടിപ്പായി പണിതു തീർത്തു.
ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു.
ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാർവരേ പിന്തുടർന്നു; കൂശ്യർ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവർ വളരെ കവർച്ചയും എടുത്തുകൊണ്ടു പോന്നു.
അവർ ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കൽ നിന്നു ഒരു ഭീതി അവയുടെമേൽ വീണിരുന്നു; അവർ എല്ലാപട്ടണങ്ങളെയും കൊള്ളയിട്ടു; അവയിൽ കൊള്ള വളരെ ഉണ്ടായിരുന്നു.