എന്നാൽ ഗോത്രങ്ങളുടെ പേരുകൾ ആവിതു: വടക്കെ അറ്റംമുതൽ ഹെത്ളോൻ വഴിക്കരികെയുള്ള ഹമാത്ത്‌വരെ വടക്കോട്ടു ദമ്മേശെക്കിന്റെ അതിരിങ്കലുള്ള ഹസർ-ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്റെ പാർശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഓഹരി ഒന്നു.
യെഹൂദയുടെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെയുള്ള മറ്റെ ഓഹരികളിൽ ഒന്നിനെപ്പോലെ നീളവും ഉള്ളതു നിങ്ങൾ അർപ്പിക്കേണ്ടുന്ന വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം.
ഈ വിശുദ്ധവഴിപാടു പുരോഹിതന്മാർക്കു ഉള്ളതായിരിക്കേണം; അതു വടക്കു ഇരുപത്തയ്യായിരംമുഴം നീളവും പടിഞ്ഞാറു പതിനായിരം മുഴം വീതിയും കിഴക്കു പതിനായിരം മുഴം വീതിയും തെക്കു ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളതു തന്നേ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം.
അതു എന്റെ കാര്യവിചാരണ നടത്തുകയും യിസ്രായേൽമക്കൾ തെറ്റിപ്പോയ കാലത്തു ലേവ്യർ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കേണം.
പുരോഹിതന്മാരുടെ അതിരിന്നൊത്തവണ്ണം ലേവ്യർക്കു ഉരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കേണം; ആകെ ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും തന്നേ.
എന്നാൽ ഇരുപത്തയ്യായിരംമുഴം വീതിയിൽ ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിന്നു വാസസ്ഥലവും വെളിൻ പ്രദേശവുമായ സാമാന്യഭൂമിയും നഗരം അതിന്റെ നടുവിലും ആയിരിക്കേണം.
എന്നാൽ വിശുദ്ധവഴിപാടിന്നു ഒത്ത നീളത്തിൽ കിഴക്കോട്ടു പതിനായിരവും പടിഞ്ഞാറോട്ടു പതിനായിരവും മുഴം; ശേഷിപ്പുള്ളതു വിശുദ്ധവഴിപാടിന്നു ഒത്തവണ്ണം തന്നേ ആയിരിക്കേണം; അതിന്റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കേണം.
ശേഷിപ്പോ പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വഴിപാടിടത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ കിഴക്കെ അതിരിങ്കലും പടിഞ്ഞാറു ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ പടിഞ്ഞാറേ അതിരിങ്കലും ഗോത്രങ്ങളുടെ ഓഹരികൾക്കൊത്തവണ്ണം തന്നേ; ഇതു പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവിൽ ആയിരിക്കേണം;