ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല; ഞാൻ മിസ്രയീമിന്മേൽ എന്റെ കൈവെച്ചു വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽ മക്കളെ തന്നേ, മിസ്രയിംദേശത്തുനിന്നു പുറപ്പെടുവിക്കും.
ഫറവോൻ നിങ്ങളോടു ഒരു അത്ഭുതം കാണിപ്പിൻ എന്നു പറഞ്ഞാൽ നീ അഹരോനോടു: നിന്റെ വടി എടുത്തു ഫറവോന്റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അതു ഒരു സർപ്പമായ്തീരും എന്നു കല്പിച്ചു.
അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സർപ്പമായ്തീർന്നു.
രാവിലെ നീ ഫറവോന്റെ അടുക്കൽ ചെല്ലുക; അവൻ വെള്ളത്തിന്റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാണ്മാൻ നദീതീരത്തു നിൽക്കേണം; സർപ്പമായ്തീർന്ന വടിയും കയ്യിൽ എടുത്തുകൊള്ളേണം.
അവനോടു പറയേണ്ടതു എന്തെന്നാൽ: മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക എന്നു കല്പിച്ചു എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.
യഹോവ പിന്നെയും മോശെയോടു: നീ അഹരോനോടു പറയേണ്ടതു എന്തെന്നാൽ: നിന്റെ വടി എടുത്തിട്ടു മിസ്രയീമിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം എന്നിങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും കൈ നീട്ടുക; അവ രക്തമായ്തീരും; മിസ്രയീംദേശത്തു എല്ലാടവും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും എന്നു കല്പിച്ചു.
മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഓങ്ങി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം ഒക്കെയും രക്തമായ്തീർന്നു.
മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.