ഇതു അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവർ വിശ്വസിക്കേണ്ടതിന്നു ആകുന്നു
യഹോവ പിന്നെയും അവനോടു: നിന്റെ കൈ മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ മാർവ്വിടത്തിൽ ഇട്ടു; പുറത്തു എടുത്തപ്പോൾ കൈ ഹിമം പോലെ വെളുത്തു കുഷ്ഠമുള്ളതായി കണ്ടു.
നിന്റെ കൈ വീണ്ടും മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ വീണ്ടും മാർവ്വിടത്തിൽ ഇട്ടു, മാർവ്വിടത്തിൽനിന്നു പുറത്തെടുത്തപ്പോൾ, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു.
ഈ രണ്ടടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്റെ വാക്കു കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്തു ഒഴിക്കേണം; നദിയിൽ നിന്നു കോരിയ വെള്ളം ഉണങ്ങിയ നിലത്തു രക്തമായ്തീരും.
അപ്പോൾ യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവൻ അരുളിച്ചെയ്തു: ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും.
പിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിന്റെ അടുക്കൽ ചെന്നു അവനോടു: ഞാൻ പുറപ്പെട്ടു, മിസ്രയീമിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു, അവർ ജീവനോടിരിക്കുന്നുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു..
യഹോവ മോശെയോടു അരുളിച്ചെയ്തതു: നീ മിസ്രയീമിൽ ചെന്നെത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്വാൻ ഓർത്തുകൊൾക; എന്നാൽ അവൻ ജനത്തെ വിട്ടയക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും.
എനിക്കു ശുശ്രൂഷ ചെയ്വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.