English Bible Languages

Indian Language Bible Word Collections

Bible Versions

English

Tamil

Hebrew

Greek

Malayalam

Hindi

Telugu

Kannada

Gujarati

Punjabi

Urdu

Bengali

Oriya

Marathi

Assamese

Books

Numbers Chapters

Numbers 6 Verses

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
2 നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവെക്കു തന്നെത്താൻ സമർപ്പിക്കേണ്ടതിന്നു നാസീർവ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോൾ
3 വീഞ്ഞും മദ്യവും വർജ്ജിച്ചിരിക്കേണം: വീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.
4 തന്റെ നാസീർവ്രതകാലത്തു ഒക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ടു ഉണ്ടാക്കുന്നതു ഒന്നും അവൻ തിന്നരുതു.
5 നാസീർവ്രതകാലത്തൊക്കെയും ക്ഷൌരക്കത്തി അവന്റെ തലയിൽ തൊടരുതു; യഹോവെക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കേണം: തലമുടി വളർത്തേണം.
6 അവൻ യഹോവെക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുതു;
7 അപ്പൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുതു; അവന്റെ ദൈവത്തിന്റെ നാസീർവ്രതം അവന്റെ തലയിൽ ഇരിക്കുന്നു;
8 നാസീർവ്രതകാലത്തു ഒക്കെയും അവൻ യഹോവെക്കു വിശുദ്ധൻ ആകുന്നു.
9 അവന്റെ അടുക്കൽവെച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്റെ നാസീർവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൌരം ചെയ്യേണം; ഏഴാം ദിവസം അവൻ ക്ഷൌരം ചെയ്യേണം.
10 എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻ കുഞ്ഞിനെയോ പുരോഹിതന്റെ അടുക്കൽ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം.
11 പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിച്ചു ശവത്താൽ അവൻ പിഴെച്ചതുകൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിച്ചു അവന്റെ തല അന്നുതന്നേ ശുദ്ധീകരിക്കേണം.
12 അവൻ വീണ്ടും തന്റെ നാസീർ വ്രതത്തിന്റെ കാലം യഹോവെക്കു വേർതിരിച്ചു ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിൻ കുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം അവന്റെ നാസീർവ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം.
13 വ്രതസ്ഥന്റെ പ്രമാണം ആവിതു: അവന്റെ നാസീർവ്രതത്തിന്റെ കാലം തികയുമ്പോൾ അവനെ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം.
14 അവൻ യഹോവെക്കു വഴിപാടായി ഹോമയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻ കുട്ടി, പാപയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിൻ കുട്ടി, സമാധാനയാഗത്തിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ,
15 ഒരു കൊട്ടയിൽ, എണ്ണചേർത്തു നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കേണം.
16 പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു അവന്റെ പാപയാഗവും ഹോമയാഗവും അർപ്പിക്കേണം.
17 അവൻ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവെക്കു സമാധാന യാഗമായി അർപ്പിക്കേണം; പുരോഹിതൻ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അർപ്പിക്കേണം.
18 പിന്നെ വ്രതസ്ഥൻ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽവെച്ചു തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തു തന്റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിൻ കീഴുള്ള തീയിൽ ഇടേണം;
19 വ്രതസ്ഥൻ തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തശേഷം പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയിൽനിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്തു അവയെ വ്രതസ്ഥന്റെ കൈയിൽ വെക്കേണം.
20 പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദർച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതന്നു വേണ്ടി വിശുദ്ധമാകുന്നു; അതിന്റെ ശേഷം വ്രതസ്ഥന്നു വീഞ്ഞു കുടിക്കാം.
21 നാസീർവ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവെക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ ദീക്ഷിച്ച വ്രതംപോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവൻ ചെയ്യേണം.
22 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
23 നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു: നിങ്ങൾ യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടതു എന്തെന്നാൽ:
24 യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ;
25 യഹോവ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ;
26 യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.
27 ഇങ്ങനെ അവർ യിസ്രായേൽമക്കളുടെ മേൽ എന്റെ നാമം വെക്കേണം; ഞാൻ അവരെ അനുഗ്രഹിക്കും.
×

Alert

×