ആരെങ്കിലും പിഴെച്ചു യഹോവയോടു അതിക്രമം ചെയ്തു തന്റെ പക്കൽ ഏല്പിച്ച വസ്തുവിനെയോ പണയം വെച്ചതിനെയോ മോഷണകാര്യത്തെയോ സംബന്ധിച്ചു കൂട്ടുകാരനോടു ഭോഷ്കു പറക എങ്കിലും കൂട്ടുകാരനോടു വഞ്ചന ചെയ്ക എങ്കിലും
നീ അഹരോനോടും പുത്രന്മാരോടും കല്പിക്കേണ്ടതു എന്തെന്നാൽ: ഹോമ യാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാൽ കത്തിക്കൊണ്ടിരിക്കയും വേണം.
പുരോഹിതൻ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു പഞ്ഞിനൂൽകൊണ്ടുള്ള കാൽ ചട്ടയാൽ തന്റെ നഗ്നത മറെച്ചുകൊണ്ടു യാഗപീഠത്തിന്മേൽ ഹോമയാഗം ദഹിച്ചുണ്ടായ വെണ്ണീർ എടുത്തു യാഗപീഠത്തിന്റെ ഒരു വശത്തു ഇടേണം.
യാഗപീഠത്തിൽ തീ കെട്ടുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ചു ഹോമയാഗം അടുക്കി വെച്ചു അതിൻ മീതെ സാമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കേണം.
ഭോജനയാഗത്തിന്റെ നേരിയ മാവിൽനിന്നും എണ്ണയിൽനിന്നും കൈനിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്തു നിവേദ്യമായി യാഗ പീഠത്തിന്മേൽ യഹോവെക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം.
അതിന്റെ ശേഷിപ്പു അഹരോനും പുത്രന്മാരും തിന്നേണം; ഒരു വിശുദ്ധസ്ഥലത്തു വെച്ചു അതു പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനക്കുടാരത്തിന്റെ പ്രാകാരത്തിൽവെച്ചു അതു തിന്നേണം.
അതു പുളിച്ച മാവു കൂട്ടി ചുടരുതു; എന്റെ ദഹനയാഗങ്ങളിൽനിന്നു അതു ഞാൻ അവരുടെ ഓഹരിയായി കൊടുത്തിരിക്കുന്നു; അതു പാപയാഗംപോലെയും അകൃത്യ യാഗംപോലെയും അതിവിശുദ്ധം.
അഹരോന്റെ മക്കളിൽ ആണുങ്ങൾക്കു ഒക്കെയും അതു തിന്നാം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിങ്ങൾക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം.
അഹരോന്നു അഭിഷേകം കഴിയുന്ന ദിവസം അവനും പുത്രന്മാരും യഹോവെക്കു കഴിക്കേണ്ടുന്ന വഴിപാടാവിതു: ഒരു ഇടങ്ങഴി നേരിയ മാവിൽ പാതി രാവിലേയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അർപ്പിക്കേണം.