സാമാഗമനക്കുടാരത്തിൽ സാക്ഷ്യത്തിന്റെ തിരശ്ശീലെക്കു പുറത്തു വൈകുന്നേരം മുതൽ രാവിലെവരെ കത്തേണ്ടതിന്നു അഹരോൻ അതു യഹോവയുടെ സന്നിധിലയിൽ നിത്യം ഒരുക്കിവെക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആകുന്നു.
അതു അഹരോന്നും പുത്രന്മാർക്കും ഉള്ളതായിരിക്കേണം; അവർ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു തിന്നേണം; അതു അവന്നു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളിൽ അതിവിശുദ്ധം ആകുന്നു.
അനന്തരം ഒരു യിസ്രായേല്യ സ്ത്രീയുടെയും ഒരു മിസ്രയീമ്യന്റെയും മകനായ ഒരുത്തൻ യിസ്രായേൽമക്കളുടെ മദ്ധ്യേ പുറപ്പെട്ടു; യിസ്രായേല്യസ്ത്രീയുടെ ഈ മകനും ഒരു യിസ്രാല്യേനും തമ്മിൽ പാളയത്തിൽവെച്ചു ശണ്ഠയിട്ടു.
യിസ്രയേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ടു അവർ അവനെ മോശെയുടെ അടുക്കൽ കൊണ്ടു വന്നു; അവന്റെ അമ്മെക്കു ശെലോമിത്ത് എന്നു പേർ. അവൾ ദാൻ ഗോത്രത്തിൽ ദിബ്രി എന്നൊരുവന്റെ മകളായിരുന്നു.
യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.