യിസ്രായേലിന്റെയും യെഹൂദയുടെയും ദേശങ്ങൾ യിസ്രായേലിന്റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവയുടെ ദൈവം അവയെ വിധവമാരായി വിട്ടിട്ടില്ല.
ബാബേലിന്റെ നടുവിൽനിന്നു ഓടി ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ; നിങ്ങൾ അതിന്റെ അകൃത്യത്തിൽ നശിച്ചുപോകരുതു; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അവൻ അതിനോടു പകരം ചെയ്യും;
ഞങ്ങൾ ബാബേലിന്നു ചികിത്സ ചെയ്തു എങ്കിലും സൌഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളവിൻ; നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോക; അതിന്റെ ശിക്ഷാവിധി സ്വർഗ്ഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു.
അമ്പു മിനുക്കുവിൻ; പരിച ധരിപ്പിൻ; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സു ഉണർത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാൻ തക്കവണ്ണം അവന്റെ നിരൂപണം അതിന്നു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ.
ഞാൻ നിശ്ചയമായിട്ടു വിട്ടിലുകളെക്കൊണ്ടെന്നപോലെ മനുഷ്യരെക്കൊണ്ടു നിന്നെ നിറെക്കും; അവൻ നിന്റെ നേരെ ആർപ്പിടും എന്നു സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു.
അവൻ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു അവൻ ആവി കയറ്റുന്നു; മഴെക്കു മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
നിന്നെക്കൊണ്ടു ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ വൃദ്ധനെയും ബാലനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ യുവാവിനെയും യുവതിയെയും തകർക്കും.
നിന്നെക്കൊണ്ടു ഞാൻ ഇടയനെയും ആട്ടിൻ കൂട്ടത്തെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ കൃഷിക്കാരനെയും അവന്റെ ഏർകാളയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ ദേശാധിപതികളെയും സ്ഥാനാപതികളെയും തകർക്കും.
സകലഭൂമിയെയും നശിപ്പിക്കുന്ന വിനാശകപർവ്വതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ മേൽ കൈ നീട്ടി നിന്നെ പാറകളിൽനിന്നു ഉരുട്ടി ദഹനപർവ്വതം ആക്കും എന്നു യഹോവയുടെ അരുളപ്പാടു.
ദേശത്തു ഒരു കൊടി ഉയർത്തുവിൻ; ജാതികളുടെ ഇടയിൽ കാഹളം ഊതുവിൻ; ജാതികളെ അതിന്റെ നേരെ സംസ്കരിപ്പിൻ; അറാറാത്ത്, മിന്നി, അസ്കെനാസ്, എന്നീ രാജ്യങ്ങളെ അതിന്നു വിരോധമായി വിളിച്ചുകൂട്ടുവിൻ; അതിന്നെതിരെ ഒരു സേനാപതിയെ നിയമിപ്പിൻ; പരുപരുത്ത വിട്ടിലുകളെപ്പോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ.
ബാബേലിലെ വീരന്മാർ യുദ്ധം മതിയാക്കി കോട്ടകളിൽ ഇരിക്കുന്നു; അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; അവർ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; അതിലെ വീടുകൾക്കു തീ വെച്ചുകളഞ്ഞു; അതിന്റെ ഓടാമ്പലുകൾ തകർന്നിരിക്കുന്നു.
പട്ടണം നാലുപുറവും പിടിപെട്ടുപോയി, കടവുകൾ ശത്രുവശമായി, കളങ്ങൾ തീ പിടിച്ചു ദഹിച്ചിരിക്കുന്നു, യോദ്ധാക്കൾ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേൽരാജാവിനോടു അറിയിക്കേണ്ടതിന്നു
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു അതിന്റെ കൊയ്ത്തുകാലം വരും.
ബാബേൽരാജാവായ നെബൂഖദ്നേസർ എന്നെ തിന്നുമുടിച്ചുകളഞ്ഞു, അവൻ എന്നെ വെറുമ്പാത്രമാക്കി, മഹാസർപ്പം എന്നപോലെ അവൻ എന്നെ വിഴുങ്ങിക്കളഞ്ഞു, എന്റെ സ്വാദുഭോജ്യങ്ങളെക്കൊണ്ടു വയറു നിറെച്ചു, എന്നെ തള്ളിക്കളഞ്ഞു.
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടൽ ഞാൻ ഉണക്കി, അതിന്റെ ഉറവുകൾ വറ്റിച്ചുകളയും.
അവർ ജയമത്തരായിരിക്കുമ്പോൾ ഉല്ലസിച്ചു ഉണരാതവണ്ണം നിത്യനിദ്ര കൊള്ളേണ്ടതിന്നു ഞാൻ അവർക്കു ഒരു പാനീയം ഒരുക്കി അവരെ ലഹരി പിടിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
ഞാൻ ബാബേലിൽവെച്ചു ബേലിനെ സന്ദർശിച്ചു, അവൻ വിഴുങ്ങിയതിനെ അവന്റെ വായിൽനിന്നു പുറത്തിറക്കും; ജാതികൾ ഇനി അവന്റെ അടുക്കൽ ഓടിച്ചെല്ലുകയില്ല; ബാബേലിന്റെ മതിൽ വീണുപോകും.
ദേശത്തു കേൾക്കുന്ന വർത്തമാനംകൊണ്ടും ഒരു ആണ്ടിൽ ഒരു വർത്തമാനവും പിറ്റെയാണ്ടിൽ മറ്റൊരു വർത്തമാനവും കേൾക്കുമ്പോഴും സാഹസകൃത്യങ്ങൾ ദേശത്തു നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുതു; നിങ്ങൾ ഭയപ്പെടുകയും അരുതു.
അതിന്റെ നേരെ, ബാബേലിന്റെ നേരെ തന്നേ, വിനാശകൻ വന്നിരിക്കുന്നു; അതിലെ വീരന്മാർ പിടിപെട്ടിരിക്കുന്നു; അവരുടെ വില്ലു എല്ലാം ഒടിഞ്ഞുപോയി; യഹോവ പ്രതികാരത്തിന്റെ ദൈവമാകുന്നു; അവൻ പകരം ചെയ്യും.
ഞാൻ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതിമാരെയും സ്ഥാനാപതികളെയും വീരന്മാരെയും മത്തുപിടിപ്പിക്കും; അവർ ഉണരാതവണ്ണം നിത്യനിദ്രകൊള്ളും എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിന്റെ വിശാലമായ മതിലുകൾ അശേഷം ഇടിഞ്ഞുപോകും; അതിന്റെ ഉയർന്ന വാതിലുകൾ തീ പിടിച്ചു വെന്തുപോകും; അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യർത്ഥമായും ജാതികളുടെ പ്രയത്നം തീക്കിരയായും തീരുകയും അവർ ക്ഷീണിച്ചുപോകയും ചെയ്യും.
യഹോവേ, ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അതു ശാശ്വതശൂന്യമായിരിക്കത്തക്കവണ്ണം നീ അതിനെ നശിപ്പിച്ചുകളയുമെന്നു അതിനെക്കുറിച്ചു അരുളിച്ചെയ്തുവല്ലോ എന്നു പറയേണം.
ഇങ്ങനെ ബാബേൽ ആണ്ടുപോകും; ഞാൻ അതിന്നു വരുത്തുന്ന അനർത്ഥത്തിൽനിന്നു അതു പൊങ്ങിവരികയില്ല; അവർ ക്ഷയിച്ചുപോകും എന്നു പറയേണം. ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങൾ.