അതിന്നു യെഹൂദാ അവനോടു പറഞ്ഞതു നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം തീർച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
അതിന്നു അവർ: നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്കു ഇനിയും ഒരു സഹോദരൻ ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയും കുറിച്ചു താല്പര്യമായി ചോദിച്ചതു കൊണ്ടു ഞങ്ങൾ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു.
പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞതു: ഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു ബാലനെ എന്നോടുകൂടെ അയക്കേണം; എന്നാൽ ഞങ്ങൾ പോകാം.
ഞാൻ അവന്നു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കയ്യിൽനിന്നു ചോദിക്കേണം; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ നിന്റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.
അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞതു: അങ്ങനെയെങ്കിൽ ഇതു ചെയ്‍വിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങളെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിൻ.
അവൻ നിങ്ങളുടെ മറ്റേ സഹോദരനെയും ബേന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന്നു സർവ്വശക്തിയുള്ള ദൈവം അവന്നു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകേണമെങ്കിൽ ആകട്ടെ.
അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോൾ അവൻ തന്റെ ഗൃഹ വിചാരകനോടു: നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോക; അവർ ഉച്ചെക്കു എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്തു ഒരുക്കിക്കൊൾക എന്നു കല്പിച്ചു.
തങ്ങളെ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോകയാൽ അവർ ഭയപ്പെട്ടു: ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ചു അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിന്നാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു.
ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്കു അഴിച്ചപ്പോൾ ഓരോരുത്തന്റെ ദ്രവ്യം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കൽ ഉണ്ടായിരുന്നു; അതു ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.
അതിന്നു അവൻ: നിങ്ങൾക്കു സാമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞു. ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു.
പിന്നെ അവൻ തല ഉയർത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടു: നിങ്ങൾ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ എന്നു ചോദിച്ചു: ദൈവം നിനക്കു കൃപനല്കട്ടെ മകനേ എന്നു പറഞ്ഞു.
അവർ അവന്നു പ്രത്യേകവും അവർക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യർക്കു പ്രത്യേകവും കൊണ്ടുവന്നു വെച്ചു; മിസ്രയീമ്യർ എബ്രായരോടു കൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യർക്കു വെറുപ്പു ആകുന്നു.