യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീംരാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവിൽ കിടന്നു: ഈ നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
ഞാൻ നിന്റെ ചെകിളയിൽ ചൂണ്ടൽ കൊളുത്തി നിന്റെ നദികളിലെ മത്സ്യങ്ങളെ നിന്റെ ചെതുമ്പലിൽ പറ്റുമാറാക്കി നിന്നെ നിന്റെ നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും; നിന്റെ നദികളിലെ മത്സ്യം ഒക്കെയും നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കും.
ഞാൻ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെ ഒക്കെയും മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിൻ പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും.
അവർ നിന്നെ കയ്യിൽ പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ തോൾ ഒക്കെയും കീറിക്കളഞ്ഞു; അവർ ഊന്നിയപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി.
ഞാൻ മിസ്രയീംദേശത്തെ ശൂന്യദേശങ്ങളുടെ കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ നാല്പതു സംവത്സരത്തേക്കു ശൂന്യമായിരിക്കും; ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും.
മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ് നേസർ സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ടു വലിയ വേലി ചെയ്യിച്ചു; എല്ലാതലയും കഷണ്ടിയായി എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിന്നു വിരോധമായി ചെയ്ത വേലെക്കു അവന്നോ അവന്റെ സൈന്യത്തിന്നോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.
അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യന്നു: ഞാൻ മിസ്രയീംദേശത്തെ ബാബേൽരാജാവായ നെബൂഖദ്നേസരിന്നു കൊടുക്കും; അവൻ അതിലെ സമ്പത്തു എടുത്തു അതിനെ കൊള്ളയിട്ടു കവർച്ചചെയ്യും; അതു അവന്റെ സൈന്യത്തിന്നു പ്രതിഫലമായിരിക്കും.