അതിലെ വെണ്ണീർ എടുക്കേണ്ടതിന്നു ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കേണം.
അങ്ങനെ തന്നേ വടക്കെ ഭാഗത്തേക്കു നൂറു മുഴം നീളത്തിൽ മറശ്ശീല വേണം; അതിന്റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം.
എന്നാൽ പ്രാകാരത്തിന്റെ വാതിലിന്നു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പു നൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽ പണിയായി ഇരുപതു മുഴം നീളമുള്ള ഒരു മറയും അതിന്നു നാലു തൂണും അവെക്കു നാലു ചുവടും വേണം.
പ്രാകാരത്തിന്നു നാനൂറു മുഴം നീളവും എല്ലാടവും അമ്പതു മുഴം വീതിയും അഞ്ചു മുഴം ഉയരവും ഉണ്ടായിരിക്കേണം; അതു പിരിച്ച പഞ്ഞിനൂൽകൊണ്ടും ചുവടു താമ്രംകൊണ്ടും ആയിരിക്കേണം.
സമാഗമനക്കുടാരത്തിൽ സാക്ഷ്യത്തിന്നു മുമ്പിലുള്ള തിരശ്ശീലെക്കു പുറത്തു അഹരോനും അവന്റെ പുത്രന്മാരും അതിനെ വൈകുന്നേരം മുതൽ പ്രഭാതം വരെ യഹോവയുടെ മുമ്പാകെ കത്തുവാന്തക്കവണ്ണം വെക്കേണം; ഇതു യിസ്രായേൽമക്കൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.