മോശെ ദൈവത്തിന്റെ അടുക്കൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽ നിന്നു അവനോടു വിളിച്ചു കല്പിച്ചതു: നീ യാക്കോബ് ഗൃഹത്തോടു പറകയും യിസ്രായേൽമക്കളോടു അറിയിക്കയും ചെയ്യേണ്ടതെന്തെന്നാൽ:
ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.
യഹോവ മോശെയോടു: ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിന്നും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിന്നും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു എന്നു അരുളിച്ചെയ്തു, ജനത്തിന്റെ വാക്കു മോശെ യഹോവയോടു ബോധിപ്പിച്ചു.
ജനം പർവ്വതത്തിൽ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാൻ സൂക്ഷിക്കേണം എന്നു പറഞ്ഞു. നീ അവർക്കായി ചുറ്റും അതിർ തിരിക്കേണം; പർവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം.
കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവ്വതത്തിന്നു അടുത്തു വരട്ടെ.
യഹോവ മോശെയോടു കല്പിച്ചതെന്തെന്നാൽ: ജനം നോക്കേണ്ടതിന്നു യഹോവയുടെ അടുക്കൽ കടന്നുവന്നിട്ടു അവരിൽ പലരും നശിച്ചുപോകാതിരിപ്പാൻ നീ ഇറങ്ങിച്ചെന്നു അവരോടു അമർച്ചയായി കല്പിക്ക.
മോശെ യഹോവയോടു: ജനത്തിന്നു സീനായിപർവ്വത്തിൽ കയറുവാൻ പാടില്ല; പർവ്വതത്തിന്നു അതിർ തിരിച്ചു അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോടു അമർച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.
യഹോവ അവനോടു: ഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്കു നാശം വരുത്താതിരിക്കേണ്ടതിന്നു അവന്റെ അടുക്കൽ കയറുവാൻ അതിർ കടക്കരുതു.