അപ്പോൾ ശൌൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചർമ്മികൾ വന്നു എന്നെ അവമാനിക്കാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു; അവന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല. അതുകൊണ്ടു ശൌൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.
അവർ ഓടിപ്പോയി; ശൌലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ടു അവർ തങ്ങളുടെ പട്ടണങ്ങളെ വിട്ടു ഓടിപ്പോയി; ഫെലിസ്ത്യർ വന്നു അവയിൽ പാർത്തു.
അവർ അവന്റെ വസ്ത്രാദികൾ ഉരിഞ്ഞു അവന്റെ തലയും ആയുധവർഗ്ഗവും എടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വർത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.
ശൂരന്മാരെല്ലാവരും പുറപ്പെട്ടു ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികളെ യാബേശിലെ കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു ഏഴു ദിവസം ഉപവസിച്ചു.